---
title: "അധികൃതർ ആവശ്യപ്പെടുമ്പോൾ വഴിയോര കച്ചവടത്തിനുള്ള ലൈസൻസ് ഹാജരാക്കാൻ വീഴ്ചവരുത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി"
english_title: "defaulters on roadside licenses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/41057/Defaulters - on - roadside -license "
published_at: "2022-05-06T09:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6274a4c1c456f_Screenshot_20220506_100140.jpg"
keywords: []
---

# അധികൃതർ ആവശ്യപ്പെടുമ്പോൾ വഴിയോര കച്ചവടത്തിനുള്ള ലൈസൻസ് ഹാജരാക്കാൻ വീഴ്ചവരുത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി

> **Lead Summary:** കൊച്ചി: അധികൃതർ ആവശ്യപ്പെടുമ്പോൾ വഴിയോര കച്ചവടത്തിനുള്ള ലൈസൻസ് ഹാജരാക്കാൻ വീഴ്ചവരുത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി. ആവശ്യപ്പെട്ടാൽ കച്ചവടക്കാർ ലൈസൻസ് ഹാജരാക്കണം. ഇക്കാര്യം വ്യക്തമാക്കി കൊച്ചി നഗരസഭ സെക്രട്ടറി പൊതുനോട്ടീസ് ഇറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശിച്ചു .

## Article Content

കൊച്ചി: അധികൃതർ ആവശ്യപ്പെടുമ്പോൾ വഴിയോര കച്ചവടത്തിനുള്ള ലൈസൻസ് ഹാജരാക്കാൻ വീഴ്ചവരുത്തുന്നവരെ ഒഴിപ്പിക്കണമെന്ന് ഹൈകോടതി. ആവശ്യപ്പെട്ടാൽ കച്ചവടക്കാർ ലൈസൻസ് ഹാജരാക്കണം. ഇക്കാര്യം വ്യക്തമാക്കി കൊച്ചി നഗരസഭ സെക്രട്ടറി പൊതുനോട്ടീസ് ഇറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ നിർദേശിച്ചു .

കൊച്ചി നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. തെരുവുകച്ചവടത്തിന് യോഗ്യരാണെന്ന് കണ്ടെത്തിയവരിൽ പലരും നഗരസഭയിൽനിന്ന് ലൈസൻസ് വാങ്ങിയിട്ടില്ലെന്നും സ്ഥാപനങ്ങളിൽ ഇവ പ്രദർശിപ്പിക്കുന്നില്ലെന്നും അമിക്കസ്ക്യൂറി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് സ്ഥാപനങ്ങളിൽ ലൈസൻസ് പ്രദർശിപ്പിക്കണമെന്ന് നഗരസഭ സെക്രട്ടറി നിർദേശം നൽകാൻ കോടതി ഉത്തരവിട്ടത്.

ഹർജി ഈ മാസം 20ന് വീണ്ടും പരിഗണിക്കും. വഴിയോരക്കച്ചവടത്തിന് ലൈസൻസ് ലഭിച്ചവരുടെ എണ്ണം വ്യക്തമാക്കി നഗരസഭ നൽകിയ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്ന് അമിക്കസ്ക്യൂറി നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കൊച്ചി നഗരസഭയുടെ അഭിഭാഷകൻ നൽകിയ കണക്കും അമിക്കസ്ക്യൂറിക്ക് ലഭിച്ച കണക്കും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അമിക്കസ്ക്യൂറിയുമായി നഗരസഭ ചർച്ച നടത്തി ലൈസൻസ് ലഭിച്ചവരുടെ എണ്ണത്തിൽ വ്യക്തത വരുത്തണമെന്നും ഹർജി വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/41057/Defaulters - on - roadside -license )